SHINOD
(സ്വതന്ത്ര സ്ഥാനാർത്ഥി )
46-ാം വാർഡ് ( ഓക്കെ )
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി

ഒറ്റ പ്രവേശന കവാടം മാത്രമുള്ള ഇരുണ്ട തടവറകളിലെ തടവുകാരനായി, അടിമയായി, നിസ്സഹായനായി ജീവിക്കുന്നതിനു പകരം കാറ്റും വെളിച്ചവും കടന്നുവരുന്ന ജാലകങ്ങൾ നമ്മുടെ മുറിയുടെ ചുവരുകളിൽ നമുക്ക് പണിതുയർത്താം. മുറിക്കകത്തു കയറിയ വാതിലിലൂടെ മാത്രമേ പുറം കാഴ്ചകൾ കാണുകയുള്ളൂ, എന്ന് വാശി പിടിക്കുന്നവരാണ് നമ്മളെങ്കിൽ കണ്ട കാഴ്ചകളുടെ ആവർത്തന വിരസതയിലേക്ക് നമ്മൾ പോകേണ്ടി വരും. മറിച്ച്, നാമിരിക്കുന്ന മുറിയുടെ ചുവരുകളിൽ നാം പണിതു വെക്കുന്ന ജാലകങ്ങകളെല്ലാം നമ്മുടെ ലോക വീക്ഷണത്തിനുള്ള, പുറം കാഴ്ചകളിലേക്കുള്ള ഉപാധികളാകണം. അപ്പോൾ കാഴ്ചയുടെ വൈവിധ്യമാർന്ന  തലങ്ങൾ  നമ്മെ വിസ്മയിപ്പിക്കും. ആ കാഴ്ചകൾ, ആ അറിവുകൾ നമ്മെ സ്വതന്ത്രരാക്കും. അവയിലൂടെ വിശാലമായ ലോകത്തിന്റെ വർണ്ണക്കാഴ്ചകളും വൈവിധ്യങ്ങളും നമുക്കറിയാം ആനന്ദിക്കാം. നമ്മുടെ മനസ്സുകൾ പ്രകാശപൂരിതമാകട്ടെ, വിഭാഗീയ ചിന്തകൾ നമ്മിൽ നിന്നും അകന്നുപോകട്ടെ, എന്റെ ഭാഗത്തു മാത്രമാണ് ശരിയുള്ളത് എന്ന അഹം ബോധത്തിൽ നിന്നുള്ള മുക്തി നമുക്ക് പ്രാപ്യമാകട്ടെ. സഹിഷ്ണുത നമ്മുടെ സ്വഭാവത്തിൽ നിറയട്ടെ. ശാന്തി ഉണ്ടാകട്ടെ, എല്ലായിടത്തും, എല്ലായിപ്പോഴും, എല്ലാവർക്കും.

ഷിനോദ്

  1. OKAY വാർഡ് ഒരു മാതൃകാ വാർഡായി മാറണം.
  1. പൗരധർമ്മപാഠവും ഡിജിറ്റൽ സാക്ഷരതയും എല്ലാവരിലും എത്തണം.
  1. ജോലി ചെയ്യാൻ തയ്യാറുള്ള വീട്ടമ്മമാർക്ക് തൊഴിൽ ചെയ്യാൻ അവസരങ്ങൾ ഉണ്ടാകണം. വനിതകൾക്ക് തൊഴിൽ, പ്രാവീണ്യവികസന പരിശീലനങ്ങൾ നല്കണം. സ്ത്രീകൾ സാമ്പത്തികമായി ശാക്തീകരിക്കപ്പെടണം. സൈക്കിൾ ചവിട്ടാൻ സ്ത്രീകൾ പഠിക്കണം. ഇന്ധനച്ചെലവുകളില്ലാത്ത സഞ്ചാര സ്വാതന്ത്ര്യവും അവർക്കുണ്ടാകണം. സ്ത്രീകൾക്കും കൂട്ടായി വിനോദിക്കാനുളള സജ്ജീകരണങ്ങൾ നടപ്പിൽ വരണം.
  1. ഒരു കമ്മ്യൂണിറ്റി കിച്ചൺ ഉണ്ടാകണം. അതിലൂടെ വീട്ടമ്മമാരുടെ വിലപ്പെട്ട സമയം ലാഭിച്ച് അവർക്ക് വരുമാനം ലഭിക്കുന്ന തൊഴിലുകളിലേർപ്പെടാൻ സാധിക്കണം.
  1. മാലിന്യ നിർമ്മാർജ്ജ സംവിധാനങ്ങൾ കാര്യക്ഷമമാകണം. വിവിധ തരത്തിലുളള മാലിന്യം എത്രയും പെട്ടെന്ന് നീക്കാനുളള മാർഗ്ഗങ്ങളൊരുക്കണം. വേസ്റ്റ് ബിന്നുകൾ പാതയോരങ്ങളിൽ ഉണ്ടാകണം.
  1. അശരണരും അവശരുമായ രോഗികൾക്ക് വേണ്ട ശ്രദ്ധയും പരിചരണവും ലഭിക്കണം.
  1. പാതയോരത്തെ മതിലുകളിൽ പരസ്യങ്ങൾക്ക് പകരം പ്രചോദനാത്മകമായ വാക്യങ്ങൾ യാത്രികരുടെ ശ്രദ്ധയിൽ പെടുന്ന ഭാഗങ്ങളിൽ വർണ്ണാഭമായി എഴുതി വയ്ക്കണം.
  1. പകൽ വീടും തെരുവോര വ്യായാമോപാധികളും കായിക വിനോദങ്ങളിൽ മുഴുകാനുള്ള ഇടവും ഇവിടെയുണ്ടാകണം. നേരം ചിലവഴിക്കാൻ ഒരു പാർക്കുണ്ടാകണം.
  1. ഒരു മുഴുവൻ സമയ വായനശാല തുടങ്ങണം. വായനശാലയിൽ മാതാപിതാക്കൾ കുട്ടികളെയും കൊണ്ടു വരണം. വായനശാലയിരുന്നും വീട്ടിലിരുന്നും മാതാപിതാക്കൾ കു‍ഞ്ഞുങ്ങൾ കാൺകെ വായനയിലേർപ്പെട്ടാൽ കുട്ടികളിലും ആ ശീലം വളരും. മൊബൈൽ ഫോൺ അഡിക്ഷൻ കുറയും.
  1. ഗതാഗത സൗകര്യങ്ങൾ വർദ്ധിക്കണം. റോഡുകൾ സുരക്ഷിതമാകണം. കാനകൾ സുരക്ഷിതമായി മൂടണം.
  2. സർക്കാർ ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്ന സേവന കേന്ദ്രം ഉണ്ടാകണം.
  3. അത്യാഹിതങ്ങളിലും നിസ്സഹായാവസ്ഥകളിലും  തുണയാവാൻ കൂട്ടായ്മകൾ ഉണ്ടാകണം. അഭ്യന്തരവും ലളിതവുമായ ഇൻഷുറൻസ് പരിരക്ഷകൾ ഒരുക്കണം.
  4. അടുക്കളത്തോട്ടങ്ങൾ പ്രോത്സാഹിക്കപ്പെടണം. ഫലവൃക്ഷങ്ങൾ കഴിയുന്നത്ര നട്ടു വളർത്തണം. നല്ല ഭക്ഷണ ശീലങ്ങൾ, സ്വയം പര്യാപ്തത ഇവ അവയുടെ ഗുണഫലങ്ങളായിരിക്കും.
  1. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും P.S.C കോച്ചിങ് ക്ലാസ്സുകളും, കരിയർ ഗൈഡൻസ് കേന്ദ്രവും വേണം.
  1. കുട്ടികളിലെ മൊബൈൽ അഡിക്ഷൻ പോലുളള പ്രശ്നങ്ങൾക്ക് പരി്ഹാരം കാണണം.
  1. സ്ത്രീകളോ, വൃദ്ധരോ, കുട്ടികളോ പീഡിപ്പിക്കപ്പെടരുത്. പ്രായം ചെന്നവരുടെ ഏകാന്തത മാറ്റാനും അവരോടു വർത്തമാനം പറഞ്ഞിരിക്കാനും തയ്യാറുളള വൊളണ്ടിയർമാരുണ്ടാകണം.
  1. സാമ്പത്തിക-ആരോഗ്യകാര്യങ്ങളി്ൽ ഉത്തരവാദിത്ത ബോധവും അച്ചടക്കവുമുളള വരാകണം നമ്മൾ. സാമ്പത്തിക-ആരോഗ്യ കാര്യങ്ങളി്ൽ അച്ചടക്കം പാലിച്ചാൽ പ്രതീക്ഷിക്കുന്നതിലും വലിയ കാര്യങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കും. എൻ്റെ അനുഭവത്തിൽ നിന്നാണ് ഞാനിത് പറയുന്നത്. ജീവിത ശൈലീരോഗങ്ങൾ അകന്നു പോകാനുളള നടപടികളെടുക്കണം.
  1. ലഹരിയുടെ ഉപയോഗത്തിൽ നിന്നും ഇവിടം മുക്തമാകണം. നമ്മുടെ കുട്ടികൾ ലഹരി ഉപയോഗത്തിൽ പെട്ടുപോകരുത്. അവർ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടേയോ ഭാഗമാകരുത്. അവർ നമ്മേക്കാൾ ശാരീരികമായും ബൗദ്ധികമായും കഴിവുള്ളവരാണ്. നമ്മുടെ കുട്ടികൾക്ക് വളരാനും സന്തോഷത്തോടെ ജീവിക്കാനും കഴിയുന്ന ഒരു സാഹചര്യം  സൃഷ്ടിച്ചെടുക്കാൻ നമുക്ക് സാധിക്കണം. അവരിൽ തിളച്ചുമറിയുന്ന ഊർ‍‍ജ്ജം സൃഷ്ടിപരമായി പ്രയോജനപ്പെടുത്താനുളള സംവിധാനങ്ങൾ ഇവിടെയുണ്ടാകണം. കുട്ടികളെ കൊണ്ട് സംഭാവനകൾ പിരിപ്പിക്കുന്ന ഒരു സാഹചര്യവും ഇവിടെയുണ്ടാകരുത്.
  1. വെള്ളക്കെട്ടുകൾക്ക് ശാസ്ത്രീയമായി ശാശ്വത പരിഹാരം കാണണം. കുളങ്ങളും കിണറുകളും നിർമ്മിക്കപ്പെടണം. ശാസ്ത്രീയവും ചെലവുകുറഞ്ഞതുമായ മാർഗ്ഗത്തിലൂടെ ശുദ്ധീകരണം നടത്തി വീടുകളിൽ തന്നെ പാചകത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കുളള ജലം ലഭ്യമാക്കണം.
  1. കുടുംബങ്ങളിലെ പ്രശ്നങ്ങൾ, വീടുകളിലെ കലഹങ്ങൾ എന്നിവ കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കാനുതകന്ന ബോധവത്ക്കരണ സംവിധാനം ഉണ്ടാകണം. ഓരോ കുടുംബവും സ്വയം പര്യാപ്തമാകണം.
  1. നമ്മുടെ വാർഡിൻ്റെ സുരക്ഷ ഉറപ്പാക്കാനായി വാർഡ് നിവാസികളുടെ പങ്കാളിത്തത്തോടെ CCTV കൾ സ്ഥാപിച്ചു കൊണ്ട് റോ‍ഡുകൾ നിരീക്ഷിക്കപ്പെടുണം. പാതയോരങ്ങളിലും വിജനമായ സ്ഥലങ്ങളലും മാലിന്യം ഉപേക്ഷിച്ചു പോകുന്നതിന് തടയിടണം.
  1. പല വീടുകളിലും കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, സൈക്കിളുകൾ ഫർണീച്ചറുകൾ, കെട്ടിട നിർമ്മാണ സാമഗ്രികൾ, മൊബൈൽ ഫോണുകൾ, വീട്ടുപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, പഴയ പുസ്തകങ്ങൾ തുടങ്ങി അനേകം വസ്തുക്കൾ വർഷങ്ങളായി ഉപയോഗമില്ലാതെ കിടപ്പുുണ്ട്. ഇതൊക്കെ ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ സൗജന്യമായോ, കുറഞ്ഞ വിലയ്ക്കോ ആവശ്യമുളളവർക്ക് കൈമാറുന്നതിലൂടെ കാരുണ്യവും സാഹോദര്യവും ഇവിടെ നില്ക്കുന്നുണ്ട് എന്ന് നമുക്ക് തെളിയിക്കാം. മക്കൾ വളരുമ്പോൾ വീട്ടിൽ ഉപയോഗരഹിതമായി കിടക്കുന്ന ഒരു സൈക്കിൾ നമ്മോളം സാമ്പത്തികശേഷിയില്ലാത്ത വീട്ടിലെ ഒരു വീട്ടിലെ കുട്ടിക്ക് ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷം, ആ കുട്ടിയിൽ ഉണ്ടാക്കുന്നത് ഈ സമൂഹത്തിൽ കെടാതെ നില്ക്കുന്ന മനുഷ്യനന്മയിലുളള വിശ്വാസമാണ്. ആ വിശ്വാസം ഭാവിയിൽ സാമൂഹ്യവിരുദ്ധരുടെ എണ്ണം കുറഞ്ഞു വരാൻ ഇടയാക്കും.
  1. അതുപോലെ തന്നെ സാമൂഹ്യസേവനത്തിൽ താല്പര്യമുളളവർക്ക് അവരുടെ സമയവും അദ്ധ്വാനശേഷിയും അവർക്ക് സൗകര്യമുളള സമയങ്ങളിൽ മറ്റുള്ളവരുമായി വിലയീടാക്കാതെ പങ്കു വയ്ക്കാനുളള സംവിധാനവും ഉണ്ടാകണം. ഉദാ: സാമ്പത്തിക ശേഷി കുറഞ്ഞ ഒരു വീട്ടിലെ പഠനത്തിൽ പിന്നോക്കം നില്ക്കുന്ന വിദ്യാർത്ഥിയെ ഒഴിവുസമയങ്ങളിൽ അറിവും താല്പര്യവും ഉളളവർക്ക് ഹോം വർക്ക് ചെയ്യാൻ സഹായിക്കുകയോ മറ്റു പഠനപ്രവർത്തനങ്ങളിൽ സഹായിക്കുകയോ ആകാം. അല്ലെങ്കിൽ ഒരു രോഗിക്ക് കൂട്ടിരിക്കുകയോ, ആസ്പത്രിയിലേക്ക് തുണ പോകുകയോ ആകാം. നമ്മുടെ ചുറ്റുമുളളവരിൽ ആരെങ്കിലുമൊക്കെ അത്യാവശ്യ സമയത്ത് നമ്മെ, നമ്മുടെ കുടുംബത്തിനെ, നാം വീട്ടിലുളളപ്പോഴും ഇല്ലാത്തപ്പോഴും,  ആപത്തിൽ സഹായിക്കാനുണ്ടാകുമെന്ന വിശ്വാസം, അത് നമ്മുടെ സാമ്പത്തിക ശേഷി എന്തുമാകട്ടെ , നമുക്കതൊരാശ്വാസമായിരിക്കും.
  1. വീടുകളിൽ ഉണ്ടാക്കുന്ന കാർഷിക, ഭക്ഷ്യ, കരകൗശല ഉത്പന്നങ്ങൾ വാങ്ങാനും വിലക്കാനും കേന്ദ്രീകൃതസംവിധാനമുണ്ടാകണം.

രണ്ടായിരത്തോളം പേരുള്ള നമ്മുടെ വാർഡിൽ പ്രവർത്തന സന്നദ്ധരും നിസ്വാർത്ഥരുമായ കുറഞ്ഞത് 20 പേരെങ്കിലും എൻ്റെ കൂടെയുണ്ടെങ്കിൽ, കക്ഷി, രാഷ്ട്രീയ, ജാതി, മത, ലിംഗ ഭേദമെന്യേ, നിഷ്പ്രയാസം മേൽപ്പറഞ്ഞതെല്ലാം നടപ്പിൽ വരുത്താൻ സാധിക്കും.

ഇളകി മറിയുന്ന കടൽ ജലത്തിലേക്ക്, അതിന്റെ അപാരതയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് കടൽ തീരത്ത് നിന്നതുകൊണ്ടതു മാത്രം നിങ്ങൾക്ക് ആ കടൽ കടക്കാൻ കഴിയില്ല എന്ന തിരിച്ചറിവ്.

“ഞാൻ ഒരു രാഷ്ട്രീയക്കാരനല്ല, ആകണമെന്ന ആഗ്രഹവുമില്ല. ഞാൻ ബോധവാനായ ഒരു പൗരനാണ്.” ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചെറിയ ചില സാമൂഹ്യപ്രവർത്തനങ്ങളുടെ അല്പും കൂടി വികസിച്ച ഒരു പ്രവർത്തനം, സാമൂഹ്യോത്തരവാദിത്തങ്ങളുടെ ഭാഗമായി ചെയ്യണമെന്നുള്ള ചിന്ത.

എല്ലാ തുടക്കങ്ങളും ഏതെങ്കിലുമൊരു വ്യക്തിയിൽ നിന്നാണ്. മുന്നിട്ടിറങ്ങാൻ ആളുണ്ടായാൽ പിന്നിൽ അണിനിരക്കാൻ ആൾക്കൂട്ടമുണ്ടാകും. ദീർഘവീക്ഷണവും ആശയങ്ങളുമുള്ള ഒരാൾ, അയാൾ എത്ര ചെറുതായാലും മാറ്റങ്ങളുണ്ടാക്കും. ആളുടെ വലുപ്പമല്ല, അയാൾ എടുക്കുന്ന തീരുമാനങ്ങളുടെ വലുപ്പമാണ് ജീവിതത്തിന്റെ ഗതി നിർണയിക്കുന്നത് എന്ന വിശ്വാസം.

“ആരും ആരുടെയും ശത്രുവോ വഴിമുടക്കിയോ അല്ല. എല്ലാവർക്കും വളരാനും വലുതാകാനുമുള്ള ഇടം എവിടെയെങ്കിലുമൊക്കെ ലഭ്യമാണ്. ശ്രേഷ്ഠമെന്ന് കരുതപ്പെടുന്നതായ സ്ഥലങ്ങൾ ലഭിച്ചില്ലെങ്കിൽ, ലഭിക്കുന്ന സ്ഥലത്തിന്റെ പരിമിതിക്കുള്ളിലിരുന്ന് പുതിയ കാഴ്ചകൾ സൃഷ്‌ടിക്കണം.”-ഈ വാക്കുകൾ.

വാക്കും പ്രവർത്തിയും തമ്മിലുളള അകലം കുറയുന്തോറും ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കപ്പെടുന്നതിനുളള സാധ്യത കൂടുതലാണ് എന്ന ബോധ്യം

ഈ ഭൂമിയിൽ യാതൊന്നും തന്നെ തനിയ്ക്കു വേണ്ടി മാത്രമായല്ല ജീവിക്കുന്നത്. നദികളിലെ വെള്ളം നദികളുടെ ദാഹം തീർക്കാൻ മാത്രമുള്ളതല്ല, സൂര്യൻ പ്രകാശിക്കുന്നത് സൂര്യന് വെളിച്ചമേകാനല്ല, മരങ്ങളിൽ ഫലങ്ങൾ വിരിയുന്നത് അവയ്ക്ക് തിന്നാനല്ല , പൂക്കളിൽ സുഗന്ധം നിറയുന്നത് അവയ്ക്ക് മണക്കാനല്ല. മറ്റുള്ളവർക്ക് വേണ്ടി കൂടി ജീവിക്കുക എന്നതാണ് പ്രകൃതിധർമ്മം. അതുപോലെ പരോപകാരം ചെയ്യണം എന്ന തിരിച്ചറിവ്.

ദശാബ്ദങ്ങളോ, ശതാബ്ദങ്ങളോ, സഹസ്രാബ്ദങ്ങളോ പഴക്കമുള്ള പ്രത്യയശാസ്ത്രങ്ങളും വിശ്വാസങ്ങളും, നാട്ടുനടപ്പും അതേ പോലെ തന്നെ പിന്തുടർന്നതുകൊണ്ടല്ല, നാം ഇന്ന് ഇത്രത്തോളമെങ്കിലും ആധുനികമായ, പുരോഗതി കൈവരിച്ച സമൂഹമായത്. ഭൂരിപക്ഷത്തിന്റെയും എതിർപ്പുുകളേയും പരിഹാസത്തേയും നേരിട്ടു കൊണ്ട്, വേറിട്ടു ചിന്തിക്കാനും പുതുവഴി വെട്ടാനും ധൈര്യപ്പെട്ടവരുടെ പരിശ്രമങ്ങളാണ് നമ്മെ ഈ നിലയിലെത്തിച്ചത്.  പഴമയും പാരമ്പര്യങ്ങളും അവ സമ്മാനിക്കുന്ന അറിവുകളും മൂല്യങ്ങളും സ്വാംശീകരിച്ച് പുതിയ നിർമ്മിതികളും വഴികളും സാംസ്ക്കാരവും ഇവിടെയുണ്ടാകണം. അന്യരുടേതിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും , പ്രവർത്തിക്കുകയും ചെയ്യുമ്പോഴാണ് മാറ്റങ്ങൾ ഉണ്ടാകുന്നത്.

എല്ലായ്പോഴും ചെയ്തു കൊണ്ടിരിക്കുന്നത് തന്നെ ചിന്തിക്കുകയും ചെയ്യുകയും ചെയ്തു കൊണ്ട് മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. മാറ്റങ്ങൾ പ്രസംഗങ്ങളിൽ മാത്രമല്ല പ്രവർത്തിയിലും ഉണ്ടാകണമെന്ന വാശി.

ഒരിക്കൽ പോലും തകർക്കപ്പെടില്ലെന്നു ലോകം കരുതിയ എത്രയോ കോട്ടകൾ, രാജവംശങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, വിശ്വാസ സംഹിതകൾ തകർന്നു പോയതിന് ചരിത്രം സാക്ഷിയായിട്ടുണ്ട്! നാം ഈ വർത്തമാനകാലത്ത് സാക്ഷിയായിക്കൊണ്ടിരിക്കുന്നുണ്ട് !

ആൾക്കൂട്ടങ്ങൾക്കിടയിലായിരുന്നില്ല ഇതുവരെയുള്ള എന്റെ പ്രവർത്തനങ്ങൾ. അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടവരുടെ, ഒറ്റപ്പെട്ടവരുടെ, നിസ്സഹായരുടെ, കഷ്ടപ്പെടുന്നവരുടെ കൂടെ നില്ക്കാനുളള താല്പര്യം എന്നിലുണ്ട്. അതേ താല്പര്യം ഇനി ആൾക്കൂട്ടങ്ങൾക്കിടയിലും നിലനിർത്താൻ കഴിയും എന്ന വിശ്വാസം.

മനുഷ്യസൃഷ്ടമായ ചില സാമൂഹ്യ പദവികളിലിരിക്കുമ്പോൾ കൈവരുന്ന ചില മുൻഗണനകൾ (privileges) എന്റെ സാമൂഹ്യപ്രവർത്തനത്തിനെ കൂടുതൽ കാര്യക്ഷമമാക്കാനും വേഗത്തിലാക്കാനും സഹായിച്ചേക്കും എന്ന തിരിച്ചറിവ്.

എന്റെ പ്രവർത്തികൾ എന്താണിങ്ങനെ എന്ന് സംശയിക്കുന്നവരുണ്ട്.  എന്റെ ഈശ്വര, ആരോഗ്യ, രാഷ്ട്രീയ, മത, സാമ്പത്തിക, സ്നേഹ സങ്കല്പങ്ങൾ പലപ്പോഴും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാണ്. നിങ്ങൾ മാത്രമാണ് ശരിയെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, നിങ്ങളുടെ ആശയങ്ങളും നിരീക്ഷണങ്ങളും മാത്രമാണ് ശരിയെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, അസഹിഷ്ണുത നിങ്ങളെ ഭരിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എന്നിൽ ഒരു പാട് കുറ്റങ്ങൾ കാണും. അത് മറ്റുള്ളവരിൽ അടിച്ചേല്പിക്കാൻ ഞാൻ ശ്രമിക്കാറില്ല. നിങ്ങൾ സത്യത്തിന്റെ കൂടെയാണ് എങ്കിൽ, നിങ്ങൾക്ക് എന്നെ എളുപ്പത്തിൽ മനസ്സിലാകും. ജീവിതത്തിൽ, ചില അച്ചടക്കങ്ങൾ പാലിക്കുന്നത്, ചിലതെല്ലാം ത്യജിക്കുന്നത് ജീവിത വിജയത്തിന്, അത്യന്താപേക്ഷിതമാണ് എന്ന് ഞാൻ കരുതുന്നു.

മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമേയുള്ളൂ. എല്ലാം മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

മാറ്റത്തിന് പുറം തിരിഞ്ഞു നില്ക്കുന്നവർ പിന്തള്ളപ്പെടും. ഇന്നല്ലെങ്കിൽ നാളെ എല്ലാം മാറും.

ഓരോ വ്യക്തിയ്ക്കും ആവശ്യമെങ്കിൽ ഒരു വലിയ ആൾക്കൂട്ടത്തേക്കാൾ ശക്തിയാർജ്ജിക്കാൻ കഴിയും.

ജീവിതത്തിൽ സുഖവും സന്തോഷവും ആണ് എല്ലാവരുടേയും ലക്ഷ്യം. അതിനായി പണം സമ്പാദിക്കണമെന്നാണ് മിക്കവരും ധരിച്ചു വച്ചിരിക്കുന്നത്. സുഖവും സന്തോഷവും ആർജ്ജിക്കുവാൻ പണം കൂടാതെയും പലമാർഗ്ഗങ്ങളുണ്ട് എന്ന ബോധ്യമെനിക്കുണ്ട്.

ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചില ലളിതമായ പ്രവർത്തനങ്ങളിലൂടെ ഞാൻ സുഖവും സന്തോഷവും തൃപ്തികരമായ വിധത്തിൽ അനുഭവിക്കുന്നുണ്ട്.

മുയലുകളുടെ കൂടെയുള്ള ഓട്ടമത്സരത്തിൽ ആമയ്ക്കും ജയിക്കാം എന്ന പഴംകഥ നല്കിയ പാഠം.

സത്യസന്ധമായ എല്ലാ കാര്യങ്ങളിലും ‍ഞാൻ കൂടെയുണ്ടാകാൻ പരമാവധി ശ്രമിക്കും.

എനിക്ക്  വാഗ്ദാനം ചെയ്യാൻ കഴിയുക എന്റെ സമയവും അദ്ധ്വാനവും ശാരീരിക മാനസിക ശേഷികളുമാണ്.

ഈ വാർഡിലെ ഓരോരുത്തർക്കും അത് മുനിസിപ്പാലിറ്റിയിൽ നിന്നാകട്ടെ, കേരള ഗവ. സ്ഥാപനങ്ങളിൽ നിന്നാകട്ടെ, കേന്ദ്ര ഗവ. സ്ഥാപനങ്ങളിൽ നിന്നാകട്ടെ അവർക്ക്   നിയമപരമായും സത്യസന്ധമായും  അർഹതയുളള ഏത് ആനുകൂല്യവും സഹായവും ലഭ്യമാക്കാൻ അവരുടെ ഒരു കുടുംബാംഗത്തെ പോലെ ഇടപെട്ട് പരിഹരിക്കാൻ എന്റെ ശാരീരിക-മാനസികമായ അദ്ധ്വാനവും സമയവും ഞാൻ വാഗ്ദാനം ചെയ്യുന്നു.

നിങ്ങളുടെ കുടുംബത്തിൽ ഒരു പ്രശ്നമുണ്ടായാൽ സ്വാഭാവികമായും നിങ്ങളാണ് അത് പരിഹരിക്കേണ്ടത്. നിങ്ങളുടേയും നിങ്ങളുടെ കുടുംബാംഗങ്ങളുടേയും ആത്മാർത്ഥമായ ശ്രമത്തിനു ശേഷവും ന്യായമായ നിങ്ങളുടെ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, അത് എന്റെ സ്വന്തം പ്രശ്നമായി ഞാൻ ഏറ്റെടുക്കും.

തിരഞ്ഞെടുപ്പിൽ മാത്രമല്ല, തിരഞ്ഞെടുപ്പിനുശേഷവും ഞാൻ സ്വതന്ത്രമായി തുടരും.

എല്ലാ പാർട്ടിയിൽ പെട്ടവരേയും ചേർത്തു നിർത്തി വാർഡിന്റെ പുരോഗതിയ്ക്കും നന്മയ്ക്കും വേണ്ടി സത്യത്തെ മുൻ നിർത്തി പ്രവർത്തിക്കും . നമുക്ക് എല്ലാവരും വേണം. വിഭാഗീയതകളില്ലാതെ, തുറന്ന മനസ്സോടെ നമുക്ക് പരസ്പരം ഇടപെടാൻ കഴിയണം. കക്ഷിരാഷ്ട്രീയത്തിന്റെ മതത്തിന്റേയോ പേരിലുള്ള സ്പർദ്ധകൾ ഒരിക്കലും ഇവിടെ ഉണ്ടാകരുത്.

ഈ തിരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും ഈ വാർഡിൽ ഇത്തവണ മാത്രം മതി എന്ന തീരുമാനത്തോടെയും ആണ് ഞാൻ മത്സരിക്കുന്നത്.

എന്റെ ആശയങ്ങളും സ്വപ്നങ്ങളും നടപ്പിലാക്കാൻ 5 വർഷം പോലും വേണ്ടി വരില്ലെന്നാണ് ഞാൻ കരുതുന്നത്.

എൻ്റെ ഉദ്ദേശ്യശുദ്ധിയെ വേണ്ടവിധം ജനങ്ങളിലെത്തിക്കാൻ കഴി‍ഞ്ഞാൽ വിജയിക്കാൻ കഴിയും എന്ന ആത്മവിശ്വാസം എന്നിലുണ്ട്. ഈ തിരഞ്ഞെടുപ്പിൽ തോറ്റാൽ അത് ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കാൻ എനിക്ക് കഴി‍ഞ്ഞില്ല എന്ന സത്യം അംഗീകരിച്ച് ഞാൻ മറ്റു സാമൂഹ്യപ്രവർത്തനങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. ഞാൻ അർഹിക്കുന്നത് എന്നായാലും, എന്തായാലും എന്നെ തേടിവരുമെന്ന ബോധ്യം എന്നിലുണ്ട്; അതുപോലെ തന്നെ ഞാൻ അർഹിക്കാത്തത്, ഒരിക്കലും, ഒരു കാരണവശാലും എനിക്ക് പ്രാപ്യമാകുകയില്ലെന്നുളള ബോധ്യവും.

അല്ല.

സ്ഥാനാർത്ഥിയാകാനുളള തീരുമാനം എടുക്കുന്നതിനു മുമ്പും ശേഷവും എനിയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. തീരുമാനം എടുത്തതിനു ശേഷം UDF-ൻ്റെ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിൽ നിരുപാധികമായ പിന്തുണയാണ് എനിക്ക് വാഗ്ദാനം ചെയ്യപ്പെട്ടത്. അത് ഞാൻ സ്വീകരിക്കുന്നതായി പിന്നീട് അവരെ എഴുതി അറിയിക്കുകയും ചെയ്തു. എൻ്റെ കൂടെ പ്രചാരണരംഗത്ത് പ്രവർത്തിക്കാൻ UDF പ്രവർത്തകരുടെ സഹായവും എനിക്ക് വാഗ്ദാനം ചെയ്യുകയുണ്ടായി. പോസ്റ്ററുകൾ പ്രിന്റ് ചെയ്ത് മതിയായ ഇടങ്ങളിൽ പ്രദർശിപ്പിക്കുന്നതിനുള്ള സഹായവും അവർ വാഗ്ദാനം ചെയ്യുകയുണ്ടായി. എന്നാൽ ഇവ രണ്ടും ഞാൻ നിരാകരിക്കുകയാണുണ്ടായത്. എനിക്ക് വേണ്ടി ഒരു പൈസ പോലും പ്രചാരണത്തിനു വേണ്ടി ചെലവഴിക്കരുതെന്നും എനിക്ക് എന്റേതായ രീതിയിൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നതിലാണ് താല്പര്യം എന്നും ഞാൻ UDF നേതൃത്വത്തോട് പറയുകയും ചെയ്തു. അവർ അത് ഉൾക്കൊള്ളുകയും ചെയ്തു. ഞാൻ എൻ്റെ ഭാര്യയേയോ സഹോദരിയേയോ കൂട്ടി വോട്ടർമാരുടെ വീടുകൾ സന്ദർശിക്കാൻ പോകുമ്പോൾ ഭൂരിഭാഗം സ്ഥലത്തും എനിക്ക് UDF പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഞങ്ങൾ അവരോട് പറയുന്നുണ്ട്.

സാമൂഹ്യപ്രവർത്തനത്തിൽ, ആത്മനിഷ്ഠമായ നിലപാടുകളേക്കാൾ, വസ്തുനിഷ്ഠവുമായ, ജനാധിപത്യത്തിലും സത്യത്തിലും ഉറച്ച നിലപാടുകൾ എനിയ്ക്കുണ്ട്. അത് വ്യക്തി, കക്ഷിരാഷ്ട്രീയം, മതം എന്നിവയെ വിവേചനരഹിതമായി പിന്തുണക്കുകയോ, എതിർക്കുകയോ ചെയ്യുന്നതിൽ നിന്നും എന്നെ വിലക്കുന്നു. വിഷയാധിഷ്ഠിതമായ പിന്തുണയാണ് ഞാൻ നല്കുന്നത്. എതെങ്കിലും വിഭാഗത്തെ പ്രീണിപ്പിക്കുന്നതിനോ, അന്ധമായി പിന്താങ്ങുന്നതിനോ ഞാൻ സന്നദ്ധനല്ല. ലഭ്യമായ വസ്തുതകളുടേയും സത്യത്തിന്റെയും ജനാധിപത്യത്തിന്റേയും, അടിസ്ഥാനത്തിലാണ് ഞാൻ നിലപാടുകൾ എടുക്കുക, കേട്ടുകേൾവിയുടെയും, ഊഹാപോഹങ്ങളുടേയും, തെളിവുകളുടെ പിന്തുണയില്ലാത്ത ആരോപണങ്ങളുടേയും, വൈകാരിക സമീപനങ്ങളുടേയും അടിസ്ഥാനത്തിലല്ല.
ഒരിക്കൽ കൂടി പറയുന്നു, ജനപക്ഷത്തും സത്യത്തിന്റെ പക്ഷത്തുമായിരിക്കും ഞാനുണ്ടാകുക.

നാം സാധാരണക്കാരാണ് തിരഞ്ഞെടുപ്പിന് അത്ര വില നൽകാത്തത്. തിരഞ്ഞെടുപ്പ് ചെലവിനായി ഒഴുക്കുന്ന പണത്തിന്റെ ധാരാളിത്തം തന്നെ മത്സരാർത്ഥികളും അവരുടെ പുറകിലുള്ള വരും ഈ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയെ എത്രത്തോളം പ്രാധാന്യത്തോടെ ആണ് കാണുന്നതിന് തെളിവാണ്.

ഈ വാർഡിലെ  കഴിഞ്ഞ വോട്ടെടുപ്പിൽ,  വോട്ടു ചെയ്യാതെ വിട്ടു നിന്നവരോട് എനിക്ക് സ്നേഹപൂർവം ഒരു അഭ്യർത്ഥനയുണ്ട്. ഇപ്രാവശ്യം നിങ്ങൾ വോട്ടു ചെയ്യണം. അത് സ്വതന്ത്രനായ എനിക്കാകാം, BJP-യുടേയോ LDF-ൻ്റെയോ സ്ഥാനാർത്ഥികൾക്കാം. നിശ്ശബ്ദരായിരിക്കുന്നവരുടെ ശബ്ദത്തിന് , അവർ ശബ്ദിക്കാൻ തുടങ്ങിയാൽ മുമ്പില്ലാത്ത വിധം കരുത്ത് കൈവരും. നിങ്ങളാണ് തീരുമാനിക്കേണ്ടത് ?

ആർഭാടങ്ങളില്ലാതെ, ചുവരെഴുത്തുകളും കവലപ്രസംഗങ്ങളുമില്ലാതെ, വർണ്ണാഭമായ ഫ്ലക്സുകളോ, പോസ്റ്ററുകളോ ആൾക്കൂട്ടങ്ങളുടെ ജയഭേരികളോ ഇല്ലാതെ, അധികം ഒച്ചയനക്കങ്ങളില്ലാതെ, മോഹന വാഗ്ദാനങ്ങളില്ലാതെ, തുറന്ന മനസ്സോടെയാണ്, സേവന സന്നദ്ധനായാണ് ‍ഞാൻ വരുന്നത്. നിങ്ങളിൽ നിന്ന് ഒന്നും തട്ടിപ്പറിക്കാനല്ല, സാമൂഹ്യപുരോഗതിക്കു വേണ്ടി നിങ്ങളോടൊപ്പമോ, നിങ്ങളുടെ മുന്നിലോ പിന്നിലോ നിന്ന് പ്രവർത്തിക്കാൻ വേണ്ടിയാണ്. ജനാധിപത്യ സമ്പ്രദായത്തിൽ വിശ്വാസമുള്ള ഞാൻ വരുന്നത് സത്യസന്ധമായും സുതാര്യമായും എന്റേതായ രീതിയിൽ സമൂഹത്തിൽ പ്രവർത്തിക്കുവാനാണ്. ഒരു ഒന്നര വർഷക്കാലം ആണ് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നത്. ആ കാലയളവിനിടയിൽ എൻ്റെ സാധ്യതകളും പരിമിതികളും മനസ്സിലാക്കി, നിങ്ങൾക്ക് തൃപ്തികരമായ ഒരു പ്രവർത്തനം കാഴ്ച വയ്ക്കണം എന്നാണ് ഞാൻ ലക്ഷ്യമിടുന്നത് . ജനങ്ങൾക്ക് എൻ്റെ പ്രവർത്തനങ്ങളിൽ തൃപ്തിയുണ്ടോ, ഞാൻ ഈ പദവിയിൽ തുടരണമോ എന്നീ കാര്യങ്ങളിൽ വ്യക്തത വരുത്താൻ ജനങ്ങളുടെ മുന്നിൽ സത്യസന്ധമായ ഒരു ഹിതപരിശോധനയ്ക്കായി ഒന്നര വർഷത്തിനുശേഷം ഞാനെത്തും . ഈ വാർഡിലെ ജനങ്ങളുടെ ഭൂരിപക്ഷാഭിപ്രായം എനിക്കനുകൂലമായാൽ മാത്രമേ ഞാൻ അഞ്ചുവർഷം തുടരാൻ ഞാൻ ഉദ്ദേശിക്കുന്നുളളൂ. ഭൂരിപക്ഷാഭിപ്രായം എനിക്കെതിരാണെന്ന് മനസ്സിലാക്കിയാൽ പിന്നെ ഈ പദവി ഞാൻ വിട്ടൊഴിയും. അതായത് 5 വർഷം ഈ പദവിയിൽ ഭീഷണികളൊന്നുമില്ലാതെ കടിച്ചു തൂങ്ങുക എന്നത് എൻ്റെ ഉദ്ദേശ്യമല്ല.
ഞാൻ ഈ തിരഞ്ഞെടുപ്പിൽ വിജയിക്കണം എന്ന് ആഗ്രഹിക്കുന്ന കുറച്ചു പേരുണ്ട്. അത് പോലെ LDF, BJP സ്ഥാനാർത്ഥികൾ വിജയിക്കണം എന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. എൻ്റെ സഹസ്ഥാനാർത്ഥികളിൽ നിന്ന് എന്നെ വേറിട്ട് നിർത്തുന്നത് ഞാൻ ഒരു സ്വതന്ത്രനാണ് എന്നതാണ് . സ്വതന്ത്രനായി മത്സരിച്ച് ജയിച്ചാൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ചും പരിമിതികളെക്കുറിച്ചും ഞാൻ ആലോചിച്ചു. ഭാവിയെക്കുറിച്ച് നല്ല പ്രതീക്ഷകളുള്ള, നൂതനാശയങ്ങളുള്ള, നല്ല മനസ്സുള്ള കുറച്ചു പേർ മനസ്സുകൊണ്ടെങ്കിലും എന്നോട് ചേർന്നു നിന്നാൽ, തീർച്ചയായും അത്തരം പരിമിതികളെയും വെല്ലുവിളികളേയും മറികടക്കാൻ എനിക്കു സാധിക്കുമെന്ന് എനിക്ക് ബോധ്യമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആരുടേയും സഹായം ഞാൻ പ്രതീക്ഷിക്കുന്നില്ല, അതിന്റെ ആവശ്യവുമില്ല. അതിന് എൻ്റെ കൂടെയുള്ള ഏതാനും ചിലർ മതിയാകും. കാര്യങ്ങളെ വിലയിരുത്താൻ, ഇതുവരെയുള്ള നിങ്ങളുടെ ജീവിതാനുഭവങ്ങൾ നിങ്ങളെ സഹായിക്കുമെന്നാണ് ഞാൻ കരുതുന്നത്. നമ്മുടെ മക്കൾക്ക് സമാധാനപൂർണ്ണമായി ജീവിക്കാൻ ഒരു സാഹചര്യം നാം ഏവരും ആഗ്രഹിക്കുന്നതാണ്. നാം ഓരോരുത്തരും എത്ര കഷ്ടപ്പെട്ടാലും അവർ വളർന്നു വരുന്ന സാഹചര്യം അനുകൂലമല്ലെങ്കിൽ പ്രതീക്ഷിക്കുന്നതു പോലെയല്ല പലപ്പോഴും കാര്യങ്ങൾ സംഭവിക്കുക. ചില ആശയങ്ങളുണ്ട്, എൻ്റെ മനസ്സിൽ. നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം, അവരുടെ നല്ല ഭാവിക്കായി. നിങ്ങളിൽ ചിലരെങ്കിലും ഒന്നു മാറിച്ചിന്തിക്കാൻ ധൈര്യം കാണിച്ചാൽ അത് ഒരു പുതിയ ചരിത്രമാകും. നിങ്ങൾ, നിങ്ങളാണ് തീരുമാനിക്കേണ്ടത്, ആരാണ് അടുത്ത മുനിസിപ്പൽ കൗൺസിലിൽ നിങ്ങളെ പ്രതിനിധീകരിക്കേണ്ടതെന്ന്. ആ തീരുമാനം കെട്ടുപാടുകളില്ലാതെ സ്വതന്ത്രമായും അതേ സമയം തന്നെ മാനവിക പക്ഷത്തുനിന്നും എടുക്കണമെന്ന അഭ്യർത്ഥനയാണ് എനിക്കുളളത്.
എല്ലാവരിലും നല്ലവരും കെട്ടവരും ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. മതമേതായാലും മതി, മനുഷ്യൻ നന്നായാൽ മതി എന്ന ശ്രീനാരായണഗുരുവിന്റെ വാക്യത്തിന് കക്ഷി രാഷ്ട്രീയം ഏതായാലും മതി മനുഷ്യൻ നന്നായാൽ മതി എന്ന ഒരു ഭേദം കൂടിയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന വ്യക്തികൂടിയാണ് ഞാൻ. നാം ഉത്തരവാദിത്തത്തോടും വിവേചനശേഷിയോടും കൂടി വോട്ടവകാശം വിനിയോഗിച്ചാൽ മാത്രമേ നമുക്ക് നല്ലവരായ അനുയോജ്യരായ പ്രതിനിധികളെ നമുക്ക് ലഭിക്കുകകയുള്ളൂ.
വേറിട്ടു ചിന്തിക്കുന്നവരുടെ, ജനങ്ങളുടെ സന്തോഷകരവും സമാധാനപൂർണ്ണവും ആയ ജീവിത പുരോഗതിക്കായി സ്വപ്നം കാണുന്നവരുടെയും, സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരുടെയും പ്രവർത്തിക്കുന്നവരുടേയും വോട്ടുകളാണ് ഞാൻ കൂടുതലും പ്രതീക്ഷിക്കുന്നത്. എൻ്റെ ഈശ്വര, ആരോഗ്യ, രാഷ്ട്രീയ, മത, സാമ്പത്തിക, സ്നേഹ സങ്കല്പങ്ങൾ പലപ്പോഴും മറ്റുള്ളവരിൽ നിന്നും അല്പം വ്യത്യസ്തമാണ്. നിങ്ങൾ മാത്രമാണ് ശരിയെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, നിങ്ങളുടെ ആശയങ്ങളും നിരീക്ഷണങ്ങളും മാത്രമാണ് ശരിയെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ, അസഹിഷ്ണുത നിങ്ങളെ ഭരിക്കുന്നുണ്ടെങ്കിൽ നിങ്ങൾ എന്നിൽ ഒരു പാട് കുറ്റങ്ങൾ കാണും. എൻ്റെ ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേല്പിക്കാൻ ഞാൻ ശ്രമിക്കാറില്ല. നിങ്ങൾ സത്യത്തിന്റെ കൂടെയാണ് എങ്കിൽ, നിങ്ങൾക്ക് എന്നെ എളുപ്പത്തിൽ മനസ്സിലാകും. ജീവിതത്തിൽ, ചില അച്ചടക്കങ്ങൾ പാലിക്കുന്നത്, ചിലതെല്ലാം ത്യജിക്കുന്നത് ജീവിത വിജയത്തിന്, അത്യന്താപേക്ഷിതമാണ് എന്ന് ഞാൻ കരുതുന്നു.
ആരോഗ്യമുള്ള മനസ്സും ശരീരവും കൂടാതെ സമയവും – ഈ രണ്ടു കാര്യങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട സംഗതികൾ എന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു . എത്ര പണം ഉണ്ടായാലും വേണ്ടത്ര ആരോഗ്യമില്ലെങ്കിൽ ജീവിതം നമുക്ക് ആസ്വദിക്കാൻ കഴിയില്ല. സമയവും വളരെയധികം പ്രധാനപ്പെട്ടതാണ്. ആവശ്യത്തിന് സമയമില്ലെങ്കിലും നമുക്ക് ജീവിതം ആസ്വദിക്കാൻ കഴിയുകയില്ല. അതിനാൽ ആരോഗ്യത്തിന്റേയും സമയത്തിന്റേയും പുറകിലാണ് പണത്തിന്റേയും, പദവിയുടേയും, പ്രശസ്തിയുടേയും, അംഗീകാരത്തിന്റേയും, അധികാരത്തിന്റേയും സ്ഥാനം എന്ന് ഞാൻ വിശ്വസിക്കുന്നു.ഇത് വെറും വിശ്വാസമല്ല, അടിയുറച്ച ബോധ്യമാണ്. ഈ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എൻ്റെ പ്രവർത്തികൾ.
“സ്വയം പരിശുദ്ധമാക്കുന്ന, സ്വയം നവീകരിക്കുന്ന, സ്വയം കേടുപാടുകൾ തീർക്കുന്ന സ്വയം നിയന്ത്രിക്കുന്ന ഒരു സമൂഹം നമുക്കാവശ്യമാണ്. അതിനുവേണ്ടി എന്ത് ചെയ്യണം .
ഏകനായി ജീവിക്കുക, ഏകാന്തതയിൽ ജീവിക്കുക എന്നുള്ളത് ഭൂരിപക്ഷം വരുന്ന മനുഷ്യർക്ക് സ്വീകാര്യമായ ഒരു ജീവിതരീതി അല്ല . മനുഷ്യൻ ഒരു സമൂഹ ജീവിയാണ്. ആ സമൂഹത്തിൽ ജീവിക്കുന്നതിന്, അതിലെ അംഗങ്ങൾ ചില പ്രോട്ടോക്കോളുകൾ പാലിക്കുവാൻ സന്നദ്ധരായാൽ മാത്രമേ സംഘർഷരഹിതമായ ഒരു സാമൂഹ്യ ജീവിതം സാധ്യമാവുകയുള്ളൂ.”

തിര‍ഞ്ഞെടുപ്പ് പ്രചാരണമുണ്ട്. പക്ഷെ നാട്ടുനടപ്പനുസരിച്ചുളള വർണ്ണാഭമായ പോസ്റ്ററുകളും ചുമരെഴുത്തുകളും, ബാനറുകളും വണ്ടികളിൽ മൈക്കുകെട്ടി പ്രചരണവുമില്ല എന്നു മാത്രം.

ഞാൻ മിക്കവാറും എല്ലാ കാര്യത്തിലും മിതത്വം പാലിക്കുന്നയാളാണ്. ആവശ്യത്തിനു മാത്രമേ കാര്യങ്ങൾ ചെയ്യേണ്ടതുള്ളു. പ്രചരണനോട്ടീസ് കൊടുക്കാൻ വീടുകളിൽ ചെല്ലുമ്പോൾ ഒന്നോ രണ്ടോ പേർ മതി; ആളെണ്ണം കൂട്ടി, സംഘബലം കാണിച്ച് , കൂടുതൽ പോസ്റ്ററുകൾ പറ്റാവുന്ന ഇടങ്ങളിലെല്ലാം ഒട്ടിച്ചുകൊണ്ട് വോട്ടുകൾ നേടാമെന്ന് കരുതുന്നത് മൗഢ്യമാണ്. അത്തരം കൗശലങ്ങൾക്കിരയാകുന്നത് ദുർബലമനസ്സുകളാണ്.  ഇവിടെയുളളത് വിവേകവും വിവേചനശേഷിയും  ഉളള മനുഷ്യരാണ്. അവർ മിക്കവാറും ഇതിനകം ആർക്കു വോട്ടു ചെയ്യണമെന്ന് തീരുമാനം എടുത്തിട്ടുണ്ടാകും. അവരെ കബളിപ്പിക്കാൻ നോക്കുന്നതിനു പകരം ആദരവോടെ, വിനയത്തോടെ നേരിട്ട് എന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതാണ് ഫലപ്രദം എന്നു ഞാൻ കരുതുന്നു. അതിനാലാണ് പണം ചെലവാക്കിയുളള പ്രചരണരീതികളിൽ നിന്ന് ഞാൻ വിട്ടു നില്ക്കുന്നത്. കാലത്തിനനുസൃതമായ ഡി‍ജിറ്റൽ പ്രചരണരീതികൾ ഞാനും അവലംബിക്കുന്നുണ്ട്.

അന്യന്റെ സ്വാതന്ത്ര്യവും എന്റെ സ്വാതന്ത്ര്യത്തോളം തന്നെ വിലമതിക്കപ്പെടേണ്ടതാണ് .

ക്ഷമയും, സഹിഷ്ണുതയും അഹിംസയും സത്യസന്ധതയും അച്ചടക്കവും ലക്ഷ്യോന്മുഖമായ കഠിനാദ്ധ്വാനവും വിജയിക്കും.

സത്യമാണ്  അല്ലെങ്കിൽ പ്രകൃതിയുടെ നൈരന്തര്യത്തിനുളള താളവും നിയമവുമാണ് ഈശ്വരൻ.

മനസ്സ് ശാന്തവും കൃതജ്ഞതാനിർഭരവും ആയിരിക്കുന്ന വേളയിൽ എടുക്കുന്ന തീരുമാന-ങ്ങളെച്ചൊല്ലി, പിന്നീട് എനിക്ക് പാശ്ചാത്തപിക്കേണ്ടി വരില്ല.

ചന്ദ്രശേഖരൻ്റെയും ശാന്തകുമാരിയുടേയും മകനായി 1971 ൽ ജനനം . വിദ്യാഭ്യാസം G.U.P.S. മേത്തല (പ്രൈമറി ) , ടെക്നിക്കൽ ഹൈസ്ക്കൂൾ കൊടുങ്ങല്ലൂർ ( T.H.S.L.C), കെ.കെ.ടി. എം ഗവ. കോളേജ് ( പ്രീഡിഗ്രി ), കൃഷ്ണ ടി.ടി. ഐ പനങ്ങാട് (T.T.C), കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ( B.A.), ഇഗ്നോ ( M.S.W.)
.
പാരലൽ കോളേജ് അധ്യാപകൻ, ലൈബ്രേറിയൻ, ബിൽ കളക്ടർ, സെയിൽസ് മാൻ, പത്രവിതരണം, കുട നിർമ്മാണം, ചകിരി ബ്രഷ് നിർമ്മാണം, റേഡിയോ റിപ്പയറിങ്ങ് തുടങ്ങിയ തൊഴിലുകൾ ചെയ്തിട്ടുണ്ട്.

24-ാം വയസ്സിൽ കേരള ആംഡ് പോലീസിൻ്റെ 5-ാം ബറ്റാലിയനിൽ ക്ലർക്കായി . കേരള സർക്കാർ സർവ്വീസ് ഒരു വർഷത്തോളമേ നീണ്ടുള്ളൂ. തുടർന്ന് 1996 ൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ അസിസ്റ്റൻ്റായി ജോലിയിൽ പ്രവേശിച്ചു. എൽഐസി യിൽ ഉദ്യോഗസ്ഥനായിരിക്കെ 8 വർഷത്തോളം ബുത്ത് ലെവൽ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. എൽ . ഐ. സി. യിൽ അസിസ്റ്റൻ്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവിയിലിരിക്കുമ്പോൾ 2017- ൽ സ്വയം വിരമിച്ചു.

1998 ൽ വിവാഹം. ഭാര്യ ബിന്ദു ഷിനോദ് ( അധ്യാപിക, ഭാരതീയ വിദ്യാഭവൻ, കൊടുങ്ങല്ലൂർ )

മക്കൾ രണ്ടു പേരും ( ഹരികൃഷ്ണ, മനു കൃഷ്ണ) എഞ്ചിനിയർമാരാണ്.

കൊറോണക്കാലത്ത് കൊടുങ്ങല്ലൂർ താലൂക്കിലെ U.P., High School വിദ്യാർത്ഥികൾക്കായി Online Tuition സംവിധാനം നടത്തിയിരുന്നു. 18 അധ്യാപകരും വിവിധ ക്ലാസ്സുകളിലായി
1000 ലേറെ കുട്ടികളും അതിൽ പങ്കാളികളായി.

തിരുവള്ളൂരിലെ സ്വഗൃഹത്തിൽ ഒരു സേവനകേന്ദ്രം നടത്തിയിരുന്നു. ഇപ്പോൾ, ആരോഗ്യകരമായ ആഹാര പാനീയങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ചെറുധാന്യങ്ങൾ കൊണ്ടുള്ള കഞ്ഞി, കരിമ്പ് ജ്യൂസ് എന്നിവ വിതരണം ചെയ്യുന്ന രണ്ട് സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. കൂടെ അല്പം മറ്റ് സാമൂഹ്യ സേവന പ്രവർത്തനങ്ങളും . എല്ലാ സേവന പ്രവർത്തനങ്ങളിലും ഭാര്യയും മക്കളും ഒപ്പമുണ്ട്.

ആരോഗ്യം, ആഹാരം, പ്രകൃതി ജീവനം, സാമ്പത്തിക അച്ചടക്കം, പാരൻ്റിങ് തുടങ്ങിയ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തിയിട്ടുണ്ട്. P.S.C കോച്ചിങ് , ഡിജിറ്റർ ലിറ്ററസി, കമ്പ്യൂട്ടർ ലിറ്ററസി ക്ലാസ്സുകളും പലയിടങ്ങളിലായി നടത്തിയിട്ടുണ്ട്.

വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും പരിചയമുണ്ട്.